പദ്മ ദളം

കൊല്ലവർഷം 1758

തിരുവിതാംകൂർ നാട്ടു രാജ്യങ്ങൾ ഭരിച്ചിരുന്നത് കാർത്തിക തിരുന്നാൾ രാമവർമ്മയുടെ  നേതൃത്വത്തിൽ ആയിരിന്നു .

അയിത്തവും ജൻമി വ്യവസ്ഥകളും , നികുതി പിരിവും എല്ലാമുണ്ടായിരുന്ന കാലം , കറുത്ത തൊലിയുള്ള മനുഷ്യൻ അടിമയാണെന്ന് വിശ്വസിച്ച സമയം . തിരുവിതാംകൂറിന്റെ എന്നത്തേയും സ്വകാര്യ അഹങ്കാരമായിരുന്ന പദ്മനാഭസ്വാമിയുടെ  മണ്ണിൽ , കോരി ചോരി പെയ്യുന്ന പേമാരിയുള്ള ഒരു രാത്രിയിലാണ് ,അതി സുന്ദരിയായ  ഒരു പെൺകുഞ്ഞിന് മകം തിരുന്നാൾ ലക്ഷ്മി ഭായി തമ്പുരാട്ടി ജന്മം കൊടുത്തത് . ഉടനെ തന്നെ ഈ സന്തോഷ വാർത്ത അറിയിക്കാൻ കുറിമാനവുമായി കിളിമാന്നൂർ കൊട്ടാരത്തിലേക്ക് ആളെ അയച്ചു . മകളുണ്ടായ സന്തോഷത്തിൽ കൊട്ടാരത്തിലെ അകത്തളത്തിൽ രാജാവും 'അമ്മ തമ്പുരാട്ടിയും കൂടി ഒരു വള്ളി മുല്ല നട്ടു . പെൺകുട്ടി വളരെ സുന്ദരിയായിരുന്നു, ചുവന്ന താമര ഇതളുകൾ പോലുള്ള കാല്പാദങ്ങളും,മാൻ പേടകളുടെ കണ്ണുകളും ഐശ്വര്യം നിറഞ്ഞ മുഖവും എല്ലാവരിലും ആകർഷണീയത ഉളവാക്കി . പദമനാഭനോടുള്ള അടക്കാനാവാത്ത ഭകതിയും സുന്ദരമായ പദ്മ ദളങ്ങൾ പോലുള്ള പാദങ്ങളോടും  കൂടി ജനിച്ച അവൾക്ക് " പദ്മജ" എന്ന നാമദേയം നൽകി . ചോറൂണും എഴുത്തിനിരുത്തും കഴിഞ്ഞു , കുട്ടി വലുതാകാൻ തുടങ്ങി . കുട്ടി വലുതാകുന്നതോടൊപ്പം  അകത്തളത്തിലെ മുല്ലയും പടർന്നു പന്തലിച്ചു പൂവിടാൻ തുടങ്ങി .

മലബാറിൽ നിന്നും ശ്രേഷ്ഠന്മായ ഗുരുക്കന്മാരെ തിരുവിൻതാംകൂറിലേക്കു വരുത്തിച്ചു . സംഗീതം , നൃത്തം , ആയോധന കലകളായ കളരി , വാൾപയറ്റ് തുടങ്ങിയവയിലും പ്രാവീണ്യം വരുത്തിച്ചു .  ഋതുക്കൾ കടന്ന് പോയി പദ്മജ  വളർന്നു . ആരെയും മയക്കാൻ  കഴിവുള്ള സുന്ദരിയായ ഒരു പെൺകുട്ടിയായി വളർന്നു . പദ്മജയുടെ അമ്മ മകം\തിരുന്നാൾ ലക്ഷ്മി ഭായി തമ്പുരാട്ടി തികച്ചും ഒരു കൃഷ്ണ ഭക്‌തയായിരുന്നു . ആ ഭക്തി മകളിലേക്ക് പകർന്നു കൊടുക്കാൻ അവർ മറന്നില്ല . അത് മാത്രമല്ല ചെമ്പകശ്ശേരി പൂരാടം തിരുന്നാൾ ദേവനാരായണ തമ്പുരാൻ പണി കഴിച്ച അമ്പലപ്പുഴ ക്ഷേത്ര ദർശനവും ആറാട്ടും കൂടുന്നത് തങ്ങളുടെ ജന്മത്തിലെ ഒരു വലിയ ഭാഗ്യമായി അവർ വിശ്വസിച്ചു . അമ്പലപ്പുഴ ആറാട്ടിന്റെ തലേന്നാൾ തന്നെ തിരുവിൻതാംകൂർ രാജ കുടുംബം കൃഷ്ണപുരം കൊട്ടാരത്തില് എത്തി വിശ്രമിച്ചിരുന്നു . അങ്ങനെയിരിക്കെ തന്റെ പതിനെട്ടാം വയസ്സില് അമ്മക്ക് വരാൻ ദേഹാലസ്യമുള്ളതുകൊണ്ട് അമ്മാവന്റെയും അമ്മായിയുടെയും നേത്രത്തിൽ പദ്മജയെ ആറാട്ടിന് അയക്കുകയുണ്ടായി . ഉള്ളതിൽ തലയെടുപ്പുള്ള മൂന്ന് കൊമ്പനാനകളുടെയും  കുതിര പട്ടാളക്കാരുടെയും അകമ്പടിയോട് കൂടെ !

മുടിമുഴുവൻ കെട്ടി അതിൽ പൂക്കളും , മൂക്കില് മൂക്കുത്തിയും , കഴുത്തിൽ നാഗപാടത്താലിയും  കസവു കരയുള്ള ചേലയും , ഒരു അപൂർവ്വ സൗന്ദര്യമായിരുന്നു പദ്മജ . കൃഷണ പുരം കൊട്ടാരത്തിലെ കണക്കപിള്ളയുടെ  മകൻ അനന്തനും പദ്മജയെ കണ്ടിരുന്നു . മലബാറിലേക്ക് അയച്ചു മകനെ കളരി വിദ്യകളും , അഭ്യാസങ്ങളും പഠിപ്പിക്കാൻ പിള്ള മറന്നിരുന്നില്ല , ഒത്തൊരു യോദ്ധാവും ആരെയും മയക്കുന്ന സൗന്ദര്യവുമുള്ള അയാളെ ഒറ്റ നോട്ടത്തിൽ തന്നെ നമ്മുടെ കൊച്ചു തമ്പുരാട്ടിക്കും ഇഷ്ടായി .  അനന്തനെ കുറിച്ചുള്ള കാര്യങ്ങളെല്ലാം ഉടനെ തന്നെ ദാസിപ്പെണ്ണിൽ നിന്നും ചോദിച്ചു മനസ്സിലാക്കി . അന്ന് വൈകുനേരത്തെ , ചുറ്റുവിളക്കിന് വീണ്ടും കൃഷ്‌ണപുരം അമ്പലത്തിൽ വെച്ച് രണ്ട് പേരും കണ്ടു . കിട്ടിയ അവസരം പാഴാക്കാതെ രണ്ടുപേരും സംസാരിച്ചു . രണ്ട് പേർക്കും ഇഷ്ടായി . അന്ന് രാത്രി എത്ര ആലോചിച്ചിട്ടും പദ്മജക്ക് അനന്തനെക്കുറിച്ചുള്ള ഓർമകൾക്ക് വിരാമമിടാൻ സാധിച്ചില്ല . രാത്രി ഒരുപാട് വൈകിയിട്ടും കൊച്ചു തമ്പുരാട്ടിയുടെ മുറിയിലെ നിലവിളക്ക് അണയാത്തതു എന്താണെന്ന് ആലോചിച്ചു വന്ന തോഴിക്ക് കാണാൻ സാധിച്ചത് കണ്ണ് ഒരുത്തരിപോലും അടക്കാത്ത തമ്പുരാട്ടി കുട്ടിയെ ആയിരുന്നു . അങ്ങനെ അമ്പലപ്പുഴ ആറാട്ട് കഴിഞ്ഞു രാജകുടുംബം തിരിച്ചു തിരുവിതാംകൂറിലേക്ക് മടക്കാൻ സമയമായി .അപ്പോഴേക്കും പദ്മജയും അനന്തനും വേർപിരിയാൻ ആകാത്ത വിധം അടുത്തുകഴിഞ്ഞിരുന്നു . എന്നാൽ ഇതിനെക്കുറിച്ചു പുറത്തു പറയാനുള്ള ധൈര്യം രണ്ടുപേർക്കും ഉണ്ടായിരുന്നില്ല . എങ്കിലും അടുത്ത ആറാട്ടിന് രണ്ടു പേരും തമ്മിൽ കാണാമെന്ന ഉറപ്പിൽ രണ്ടാളും പിരിയാൻ തീരുമാനിച്ചു . തിരിച്ചു പോകും വഴി  കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില് കയറി ദർശനം നടത്തണമെന്ന് അമ്മാവനോട് പദ്മജ ചട്ടം കെട്ടി അനുവാദം വാങ്ങിയിരുന്നു .



പക്ഷെ വിധി മറ്റൊന്നായിരുന്നു , മാർഗമധേ തിരുവിതാംകൂർ കേശവൻ ഇടഞ്ഞു , എല്ലാവരും പരിഭ്രാന്തരായി സ്വയ രക്ഷക്കുവേണ്ടി ഓടി , മദം പൊട്ടിയ കേശവൻ തൻറെ മുകളില് ഇരുന്ന എല്ലാവരെയും വലിച്ചു താഴെയിയിട്ടു . ക്രൂരമായ വിധി അതായിരുന്നു , പദ്മജയുടെ ഭൂമിയിലെ വാസം അവസാനിപ്പിക്കേണ്ട ദിനമായിരുന്നു അന്ന് . ആ സംഭവത്തിൽ അവളും മരിച്ചിരുന്നു . വാർത്ത കാട്ടുതീ പോലെ പടർന്നു . വർത്തയറിഞ്ഞ ലക്ഷ്മി ഭായി തമ്പുരാട്ടി കുഴഞ്ഞുവീണു . ജീവിച്ചു തുടങ്ങുന്നതിനു മുൻപേ തന്റെ മകളെ വിധി കട്ടോണ്ടുപോയല്ലോ എന്നോർത്ത് രാജാവും ദുഃഖാകുലനായി . കൃഷണപുരം കൊട്ടാരത്തിലും ഈ വാർത്ത എത്തിയിരുന്നു , തന്റെ സ്വന്തം അച്ഛന്റെ വായിൽ നിന്നും ഈ വർത്തയറിഞ്ഞ അനന്തനും ദുഃഖാകുലനായി . എങ്ങോട്ടെന്ന് ഇല്ലാതെ അയാൾ ഇറങ്ങി നടന്നു . പദ്മജയുടെ മരണത്തോട് കൂടി തൻറെ വിധിയും മറ്റെന്തോ ആണെന്ന് കരുതിയ കൊട്ടാരത്തിലെ ആ വള്ളിമുല്ലയും ഉണങ്ങാൻ തുടങ്ങി , കുറച്ചു ദിവസത്തിനുള്ളിൽ തന്നെ അത് പൂർണ്ണമായും ഉണങ്ങി കരിഞ്ഞു , അതിന്റെ  ജീവനും അതിൽ നിന്നും വേർപെട്ടു . തൻറെ മകളുടെ വിയോഗം എന്തോ വലിയ സമയ ദോഷമാണെന്ന് തന്നെ രാജാവും കുടുംബവും വിശ്വസിച്ചു , ഉടനെ തന്നെ ഒരു ബ്രാഹ്മണനെ വരുത്തി പ്രെശ്നം  വെപ്പിച്ചു  , നോക്കിയ ശേഷം ഒരു ചെറു പുഞ്ചിരിയോടെ അയാൾ പറഞ്ഞു , നിങളുടെ ഈ ജീവിതത്തിലെ സന്താനയോഗമില്ലായിമ പദ്‌മനാഭസ്വാമി അടുത്ത ജന്മത്തിൽ തീർക്കുന്നതായി തെളിയുന്നു .

വര്ഷങ്ങള്ക്കു ശേഷം പദ്മജ നിങളുടെ തന്നെ മകളായി പുനരജനിക്കും , അതാണ് യോഗം, മാത്രമല്ല , പൂർവകാല ജന്മങ്ങളെ കുറിച്ച് ഓർക്കാനും അവൾക്ക് സാധിക്കും . .!



ഉറക്കത്തിൽ നിന്നും ഞാൻ ഞെട്ടി എണീറ്റു, കണ്ണ് തുറന്നു  . ആരോ എ.സി  ഓഫ് ചെയ്തിരിക്കുന്നു .

ദുബായ്‌ സമയം 3 am ,2017  ഓഗസ്റ്റ് 26


അന്ന് വൈകുന്നേരം അച്ഛനെ വിളിച്ചപ്പോൾ പറഞ്ഞു : അച്ഛാ എനിക്ക് അടുത്ത വെക്കേഷന് വരുമ്പോൾ ട്രിവാൻഡ്രം വരെ ഒന്ന് പോവണം . ഒന്ന് പദ്മനാഭനെ തൊഴണം .. !

(ഈ കഥ നടക്കുന്നത് തികച്ചും എൻറെ സ്വപ്നത്തിൽ മാത്രമാണ് , ഇതിന് ഏതേലും വ്യക്തികളോ , സംഭവങ്ങളോ ആയി സദ്ർശ്യം തോന്നിയാൽ തികച്ചും സ്വാഭാവികം മാത്രം . തിയ്യതികളും വർഷങ്ങളും വ്യത്യാസങ്ങൾ ഉണ്ടാകാം. പരസ്പര ബന്ധം കുറവാകാം- ക്ഷമിക്കുമല്ലോ )

- ജാനകി രുദ്ര

Comments

Post a Comment

Popular Posts